സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി

ന്യൂഡല്‍ഹി: സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് എം.ബി.ബി.എസ്സിന് സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജൂലായ് 15 നു മുന്‍പ് പ്രവേശന പരീക്ഷ നടത്തണമെന്നും 20 ന് മുന്‍പ് ഫലം പ്രഖ്യാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള 11 കോളേജുകള്‍ക്കാണ് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി. 50 ശതമാനം സീറ്റുകളിലേക്ക് ഇവര്‍ക്ക് നേരിട്ട് പരീക്ഷ നടത്താം. പ്രവേശന നടപടികളില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

സ്വന്തമായി പ്രവേശന പരീക്ഷ നടത്താന്‍ അനുവദിച്ചാല്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. സ്വന്തമായി പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം അംഗീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആയിരുന്നതിനാല്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതിനിടെ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലുള്ള പി.ജി. സീറ്റുകളില്‍ പ്രവേശനത്തിനുള്ള തീയതി ജൂലായ് ഒന്നുവരെ നീട്ടി. കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയാണ് ഉത്തരവു പുറപ്പെടുവിച്ചത്. കേരളത്തിന് സമയം നീട്ടിക്കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചിരുന്നു.

ഹൈക്കോടതി വിധി അനുസരിച്ചാവണം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. പ്രവേശന കാര്യത്തില്‍ സ്വാശ്രയ മാനേജുമെന്റുകളുടേത് തെറ്റായ പ്രവണതയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് അവസാനിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്ന് മെഡിക്കല്‍ കൗണ്‍സിലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദര്‍ ശരന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സീറ്റുകളില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയവരെ പുറത്താക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍, ദന്തല്‍ കോളേജുകളില്‍ ഒഴിവുള്ള 66 പി.ജി. ഡിഗ്രി സീറ്റുകളും എട്ടു പി.ജി. ഡിപ്ലോമ സീറ്റുകളും നികത്തുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കര്‍ണാടകത്തിന് സുപ്രീംകോടതി തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന്, തീയതി നീട്ടി ചോദിക്കുന്ന ഏതു സംസ്ഥാനത്തിനും അനുമതി നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സിലും വ്യക്തമാക്കി. തുടര്‍ന്നാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്

About admin